2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഛോട്ടാബയോഗ്രഫി-15

ആകെ അറിയാവുന്ന  കർമ്മം ഇതുമാത്രം.

ബോധത്തിൽ എപ്പൊഴും പൂങ്കാറ്റടിക്കുന്നു.

 സഹജമായ തൊഴിലുകൾക്ക് ചാതുർവർണ്യത്തിന്റെ നീലക്കറ പുരണ്ട പാപമുദ്രകളുണ്ട്.

പുതിയൊരു പണി കണ്ടെത്തണം.


തേൻ തേൻ നിരന്തരമുണ്ണുന്ന യീച്ചകൾ
ഭ്രാന്തുപിടിച്ചുമരിക്കുമെന്നേ വരൂ....



 

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഛോട്ടാബയോഗ്രഫി-14


  അഴിയാക്കുരുക്കുപാതകൾ  താണ്ടി , പല പല  മോട്ടോർ ബൈക്കുകളിൽ    ഹെൽമെറ്റുകൾ ചീറിപ്പാഞ്ഞുനടക്കുന്നു.
   അതിൽ ഒരു  ഹെൽമെറ്റ്, കാണാതായ സുകുമാരക്കുറുപ്പാണ്.

 യുക്തിയും ടെക്നോളജിയും കാമുകീകാമുകന്മാരാണെന്നതിന്  ഉറച്ച   തെളിവാണ്   കുറുപ്പിനെ വെട്ടിച്ച് പാഞ്ഞുപോകുന്ന ആ  യുവമിഥുനങ്ങൾ.


1.  ഹെൽമെറ്റ്   ഈഗോ യെ കൊല്ലുന്നുവെന്ന് പറഞ്ഞാൽ വിരോധാഭാസമാകുമോ?

2.    ‘ പഴഞ്ചൻ കുട്ടൻ പിള്ള’  ബഹിരാകാശയാത്രികനായി  സയന്റിഫിക്കായത് ഹെൽമെറ്റിലൂടെയല്ലേ?

 തുടങ്ങിയ ചോദ്യങ്ങൾ നടപ്പാതയിലുള്ളവർ  ചോദിക്കും....

 
യുവമിഥുനങ്ങളെ വെട്ടിച്ച്  സുകുമാരക്കുറുപ്പ് കൂടുതൽ അദൃശ്യനാകും.

2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ഛോട്ടാബയോഗ്രഫി-13

ഛോട്ടാബയോഗ്രഫി-13

  പല മുറികളിൽ
പലപ്പോഴായി താമസിച്ച്
ഡിറ്റക്റ്റീവുകൾ അമ്പരപ്പിച്ച ഈ കെട്ടിടത്തിൽ
ദിനപത്രങ്ങളടുക്കിവെയ്ക്കാൻ എത്തുന്ന പെൺകുട്ടിക്ക്
ഒരു വിരൽമറയിൽ പതുങ്ങിനിൽക്കുന്ന  കുറ്റവാളിയുടെ
 പ്രേമനിർഭരമായ  ഹൃദയമിടിപ്പും  കേൾക്കാനാകുന്നു......

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഛോട്ടാബയോഗ്രഫി - 12

ഛോട്ടാബയോഗ്രഫി - 12

 ചിലങ്കകളും മുലകളും  നിതംബവും ഭൂമിയിലെ കലാസ്നേഹികൾക്ക്  പുഴുങ്ങിത്തി ന്നാനിട്ടുകൊടുത്തുകൊണ്ട് നളിനി  ഷൊർണൂർ പാസഞ്ചറിന് തലവെച്ചു.

ഭൂമിയിൽ പോസ്റ്റ് മാർട്ടം  തിമിർക്കുമ്പോൾ , കപാലമണ്ഡലം നളിനി കാലനുമുൻപിൽനൃത്തം ചെയ്തുകൊണ്ടിരിക്കുന്നു.

 ഈ  ഫോട്ടൊ  ഇങ്ങോട്ട്
  ഈ മെയിൽ ചെയ്തതാര് ?


2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

ഛോട്ടാബയോഗ്രഫി -11

ഛോട്ടാബയോഗ്രഫി -11


കറുത്ത മാനം .
 വരമ്പിലൂടെ രാധവരുന്നു.

‘ നിനക്കിപ്പളും മിൽമയിൽത്തന്നെയല്ലെ ജോലി?’ എന്നുചോദിച്ചപാടെ പൊട്ടിക്കരഞ്ഞുകൊണ്ടവൾ  പറഞ്ഞു :‘’ ന്റെ  മാഷെ ...കൃഷ്ണേട്ടൻ ഭയങ്കര വെള്ളാ.... രാത്രീല്  പതിനാറായിരത്തെട്ട് കാലിലാ വരണെ..എന്നെപ്പറയാത്ത തെറിയില്ല.. പൊന്നോടക്കൊഴലെന്ന് കരുതിയത് മൂർക്കൻപാമ്പാകുമെന്ന് ഞാൻ വിചാരിച്ചില്ല’‘

ഇതുപറഞ്ഞുതീർക്കുന്നതിനുമുൻപുതന്നെ മഴതുടങ്ങി.

പതിനാറായിരത്തെട്ടുകാലുകൾ വെച്ച് വെള്ളം.......

ഛോട്ടാബയോഗ്രഫി -10

ഛോട്ടാബയോഗ്രഫി -10


 ആരുടെ മനസ്സ് കീറിപ്പൊളിച്ചുനോക്കിയാലും ഇത്തരം ചിത്രങ്ങൾ കണ്ടുകിട്ടിയേക്കാം.

പുറത്താണ് വൈരുദ്ധ്യങ്ങൾ.
അകത്ത് ഒരു ഇടനാഴിമാത്രം.

 നടക്കുക.  നടക്കുക. നടക്കുക.


കമ്പികളുരഞ്ഞ് തീപാറുന്നതുകണ്ട് പേടിച്ച് നിലവിളിക്കാതിരിക്കുക.

ഛോട്ടാബയോഗ്രഫി - 9

ഛോട്ടാബയോഗ്രഫി - 9


 രൂപകമാവുക ആനന്ദപ്രദമാണ് .
 
അത് പലപ്പൊഴും പരിണാമ നിയമങ്ങളെ ‘തൃണ‘വൽഗണിക്കും.
പുൽമൈതാനങ്ങൾ തേടിയുള്ള ആത്മാവിന്റെ യാത്ര.

ഇടയ്ക്കിടയ്ക്ക് ജന്മവാസനകൊണ്ട് ഇങ്ങനെ പോസ് ചെയ്യാം .

  അജമാംസരസായനം ഈ  ജീവിതം...
.....

ഛോട്ടാബയോഗ്രഫി - 8

ഛോട്ടാബയോഗ്രഫി - 8


‘ ഒ’  എഴുതാൻ അധികം ബുദ്ധിമുട്ടില്ല.
 ഒരു തലയോട് വരച്ച് ആവശ്യമില്ലാത്ത ഭാഗങ്ങൾ മായ്ച്ചുകളഞ്ഞാൽ മതി.
 ഒരു ജീവിതത്തെ അപ്പാടെ മായ്ച്ചുകളഞ്ഞ തലയോടുപോലെ  ‘ ഒ’ നിൽക്കുന്നു.

 മനുഷ്യരെല്ലാവരും ‘ ഒ’  ചുമന്നുകൊണ്ടു നടക്കുന്നു.

‘ഒ’ രിക്കൽ ‘ഒ’ രിടത്ത്  ‘ഒ’ രു  മനുഷ്യൻ ഉണ്ടായിരുന്നു.

ഒ !

ഛോട്ടാബയോഗ്രഫി- 7

ഛോട്ടാബയോഗ്രഫി- 7


 പിച്ചവെച്ച്  ആദ്യം നടന്നുചെന്നടുത്തത് ഒരു ചെമ്പരത്തിപ്പൂവിന്റെ അടുത്തേക്ക്.
  കുട്ടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്നു.
  നോട്ടം   ഒരു  ശംഖുപുഷ്പം വരെ  നീണ്ടു.

ജീവിതത്തിൽ ഇത്തരം ഷോട്ടുകൾക്കേ പ്രസക്തിയുള്ളു.

മനസ്സുനിറയെ   നിറമുള്ള പൽച്ചക്രങ്ങൾ   കറങ്ങിക്കൊണ്ടിരിക്കുന്നു..

ഛോട്ടാബയോഗ്രഫി - 6

ഛോട്ടാബയോഗ്രഫി - 6


 മാബലി  കെയിം.
ദ പ്രൈമോഡിയൽ തൃക്കാക്കരച്ചാണ്ടി.

പാതാളത്തിൽ ഒളിപ്പിച്ച് വെച്ചിരുന്ന കുപ്പി ഉമ്മഞ്ചാണ്ടീടെ കാൽക്കൽ വച്ച് മാപ്പ് പറഞ്ഞുകരഞ്ഞു.

 ‘കൂൾ ഡൌൺ‘ എന്നാണ് ചാണ്ടി ഇം ഗ് ളീഷിൽ പ്രതിധ്വനിച്ചത്.
 താഴെ    ‘അയ്സ് ‘ ഇരിപ്പുണ്ടെന്ന മൂന്നാമത്തെ  ധ്വനിയുമുയർത്തി
സമകാലികച്ചാണ്ടിവളർന്നു.

  മാബലി    സൈനൌട്ടായി.

മൂന്നടി ബാക്കിവെച്ച കുപ്പി ചാനലിൽ തെളിഞ്ഞു.

 അലയടിച്ചുയരുന്ന  അറബിന്ദസാഗരത്തിൽ പഴയൊരു കേരളാമാപ്പിന്റെ    ഫോട്ടോക്കോപ്പി  ‘പൂ’തലിച്ച് കിടന്നു.....


 അണ്ടർവേറിനെപ്പറ്റിയുള്ള  ഒരു പരസ്യം വന്നാണ് ഇവന്റെ  കണ്ണുതുടച്ചത്.

 ആയുർവേദവിധിപ്രകാരം തയ്യാറാക്കിയ  ഒരു ഷഡിക്ക്   അത്രയെങ്കിലും  സാധിച്ചല്ലോ..


ഛോട്ടാബയോഗ്രഫി- 5

ഛോട്ടാബയോഗ്രഫി- 5


ജീവചരിത്രം കഷ്ണം കഷ്ണമായി വാരികകളിൽ  പ്രസിദ്ധീകരിച്ചാണ്  കഥാകൃത്ത് മരിച്ചത്.( അതിലും ഭേദം അവന് കഥാതന്തുവിൽ കെട്ടിത്തൂങ്ങുകയായിരുന്നു... പന്നി....)
അവന്റെ ഗതി ആർക്കും വരരുത് എന്ന് പ്രാർത്ഥന.
ദൈവത്തോടൊന്നുമല്ല.
ദൈവമില്ലാത്ത തോടിൽ വെട്ടിക്കളിക്കുന്ന  ചുട്ടിപ്പരലിനോട്.
എപ്പൊഴും ആനന്ദിക്കുന്ന സൂക്ഷ്മമത്സ്യാവതാരം.

ഒരു ചൂണ്ടയിൽ അതിന് സ്വർഗാരോഹണം.

 അതുകണ്ട് തോട്ടുവക്കത്തൂടെ ഞാൻ നടന്നു......
 

ഛോട്ടാബയോഗ്രഫി - 4

ഛോട്ടാബയോഗ്രഫി - 4


 ബോഡിയിൽ  ഗ്രഹനില ‘റ്ററ്റൂ‘ചെയ്താലോ എന്നൊരാലോചന.

 നെറ്റിയിൽ വ്യാഴം
മൂക്കിൽ ചന്ദ്രൻ.
ചെവിയിൽ  സൂര്യൻ.
 നെഞ്ചത്ത് ശനി.
 ലിംഗത്ത് ശുക്രൻ
ആസനത്ത് ഗുളികൻ
വലത്തേ കാലിൽ രാഹു
ഇടത്തേ കയ്യിൽ കേതു.
കക്ഷത്തിൽ ചൊവ്വ.
ഇടത്തേ കാലിൽ  ബുധൻ.

 ‘’ദാ   പടനായര് പോണൂ ....’‘എന്നാരും പരിഹസിക്കരുത്...

ഛോട്ടാബയോഗ്രഫി -3

ഛോട്ടാബയോഗ്രഫി -3


‘വൃശ്ചികം‘ രാശിയിൽ ജനനം.
തേൾമുദ്രയുള്ള ജീവിതം.
 കടിക്കുന്ന ഗിത്താർ.

 പന്ത്രണ്ട് കള്ളികളിൽ ഗ്രഹങ്ങൾ കുടുങ്ങിപ്പോയി.

അവയുടെ ജാതകത്തിൽ   ഇവനും  കറവീഴ്ത്തിക്കൊണ്ടിരിക്കുന്നു..



ന്താ ല്ലേ...

ഛോട്ടാബയോഗ്രഫി-2

ഛോട്ടാബയോഗ്രഫി-2


 ചിന്തകളെല്ലാം  ഫിലോസഫിയാണെന്ന് കരുതുന്നത്  മണ്ടത്തരമാണ്.
 പേട്ടുമണ്ടയിൽ  ഫിലോസഫി ഉദയം ചെയ്യില്ലെന്ന് അറിയുമ്പോൾ തെല്ല് വേദനയുണ്ട്.
 എങ്കിലും കഴുത്തിനുമുകളിൽ ഒരു ഭൂഗോളം  പോലെ തുടരുന്ന മണ്ടയെന്ന മൺകലം  നിറയെ അമൃതമാണെന്ന്  വിശ്വസിച്ച് കഴിയുന്നതിൽ ഒരു  സുഖം. 
 അഹത്തിന്റെ    ‘ഈഗോ‘ളം .
 ഗരുഡൻ കൊണ്ടുവന്നുവെച്ച് മറന്നുപോയ അമൃതഘടം.

നീ വേണെങ്കി അതീന്നിത്തിരി തൊട്ടുനക്കിക്കോ....
 എന്നെക്കൊണ്ടിത്രയൊക്കെ ഉപകാരമേ പറ്റൂ.....

ഛോട്ടാബയോഗ്രഫി -1

ഛോട്ടാബയോഗ്രഫി -1



ഛോട്ടാബയോഗ്രഫി-1
--------------------------------------
ജീവിതാസക്തികളെ കെട്ടിപ്പൂട്ടി തട്ടിൻ പുറത്ത് വെച്ചു..... ഇനി അതിജീവനത്തിന്റെ ദിനങ്ങളാണ്... വിജനതയെ പച്ചയുടുപ്പിച്ചും അപാരതയെ നീലയുടുപ്പിച്ചും   അപ്പുറം ഇപ്പുറം നിർത്തുന്നു.


ഒറ്റക്കുള്ള നടത്തങ്ങളോളം കാൽ‌പ്പാടുകൾ ഏതുയാത്രക്കുണ്ടാകും...?